എറണാകുളം :നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. നടി കാവ്യ മാധവനെ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്‍റെ വീടായ പത്മ സരോവരത്തിലെത്തി ചോദ്യം ചെയ്യുന്നു. ഇന്ന് (09.05.22) ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകിയിരുന്നു. എന്നാൽ സാക്ഷി എന്ന പരിഗണന നല്‍കി വീട്ടിലെത്തി മൊഴിയെടുക്കണമെന്ന് കാവ്യ മാധവൻ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ചോദ്യം ചെയ്യല്‍ വീട്ടിലേക്ക് മാറ്റിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘവും, വധ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എസ്.പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.
കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. വീടൊഴികെ സ്വതന്ത്രമായി ചോദ്യം ചെയ്യാൻ കഴിയുന്ന മറ്റൊരിടം പരിഗണിക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തെ നിലപാട് സ്വീകരിച്ചത്. വീടൊഴികെയുള്ള മറ്റിടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നൽകണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം.