എറണാകുളം:അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ ഫോണുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നൽകി. കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നും പരിശോധനാ ഫലത്തിന്‍റെ പകർപ്പ് ലഭ്യമാക്കണമെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി മോഹനചന്ദ്രൻ കോടതിയിലെത്തിയാണ് അപേക്ഷ സമർപ്പിച്ചത്.
ഫോണുകൾ ക്രൈംബ്രാഞ്ചിന് നേരിട്ട് നൽകുന്നതിനെ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് മജിസ്ട്രേറ്റ് കോടതിയെ കൊണ്ട് ഫോൺ പരിശോധിപ്പിക്കുകയെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഫോണുകൾ ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് ആലുവ കോടതിയിൽ എത്തിച്ചത്.