എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് മേധാവി വിചാരണ കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചു. തുടരന്വേഷണ വിവരം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പ്രതിഭാഗം നല്‍കിയ പരാതിയിലാണ് വിശദീകരണം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്താണ് തിങ്കാളാഴ്‌ച വിചാരണ കോടതിയില്‍ വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദിലീപിന്‍റെ ഫോണിൽ കോടതി രേഖകൾ:സംഭവത്തിൽ, വിചാരണ കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യോസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് നേരത്തേ കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോര്‍ട്ടില്‍ അതൃപ്‌തി കോടതി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മേധാവിയിൽ നിന്നും വിശദീകരണം തേടിയത്. തുടര്‍ന്നാണ്, ഏപ്രിൽ 18ന് റിപ്പോർട്ട് നൽകാന്‍ എ.ഡി.ജിപിയോട് വിചാരണ കോടതി ഉത്തരവിട്ടത്.
കോടതിയിൽ നൽകിയ അപേക്ഷ തന്‍റെ കൈവശം മാത്രമല്ല എ.ജി ഓഫിസിലടക്കം നൽകിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രഹസ്യ വിചാരണയുടെ ഭാഗമായ അപേക്ഷ ചോർന്നിരിക്കാമെന്നത് അന്വേഷണ ഉദ്യോഗസ്ഥൻ അംഗീകരിച്ചതിന് തുല്യമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. ദിലീപിന്‍റെ ഫോണിൽ കോടതി രേഖകൾ എത്തിയെന്നും കോടതി രേഖകൾ ചോർന്നുവെന്നും ഈ അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.