എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി അനുവദിച്ച് ഹൈക്കോടതി. മെയ് 31നകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം. തുടരന്വേഷണത്തിന് മൂന്ന് മാസത്തെ സമയമായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
ഏപ്രിൽ പതിനഞ്ചിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഏറെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നത് ഉൾപ്പടെ പൂർത്തിയാക്കാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു. കാവ്യ മാധവൻ ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
മൂന്ന് മാസത്തെ സമയം നൽകണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ ആവശ്യം. എന്നാൽ അനന്തമായി സമയം നീട്ടി നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ പകുതി സമയം അനുവദിച്ചത്.