എറണാകുളം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാർ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹൈക്കോടതി തിങ്കളാഴ്‌ച രാവിലെ 10:15ന് വിധി പറയും. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
പ്രതിഭാഗം കഴിഞ്ഞ ദിവസം ഉന്നയിച്ച വാദങ്ങൾക്കെല്ലാം അക്കമിട്ട് മറുപടി പറഞ്ഞായിരുന്നു പ്രോസിക്യൂഷൻ വാദം തുടങ്ങിയത്. വാദത്തിനിടെ ഇടപെടാൻ ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനോട് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ക്ഷുഭിതനാവുകയും ചെയ്‌തു. ബലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴികൾ വിശ്വാസയോഗ്യമല്ലെന്ന പ്രതിഭാഗം വാദത്തിന് പ്രോസിക്യൂഷൻ വ്യക്തമായ ഉത്തരം നൽകി.
ബാലചന്ദ്രകുമാർ നിയമപ്രകാരം വിശ്വാസ്യതയുള്ള സാക്ഷിയാണ്. ബാലചന്ദ്രകുമാറിന്‍റെ മൊഴി തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണ്. ബാലചന്ദ്രകമാറിന്‍റെ മൊഴിയുടെ പ്രധാന ഭാഗങ്ങൾ ഡിജിപി കോടതിയെ വായിച്ച് കേൾപ്പിച്ചു. സംവിധായകന്‍ ഭാര്യയോടും ഇക്കാര്യങ്ങളെല്ലാം അന്ന് തന്നെ പറഞ്ഞിരുന്നു. ദിലീപ് നമ്മളെയും കൊല്ലുമെന്ന് ഭാര്യ പറഞ്ഞുവെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ഈ കേസിലെ എഫ്.ഐ.ആർ തന്നെ നിലനിൽക്കില്ലന്ന ദിലീപിന്‍റെ വാദത്തിന് അതേ നാണയത്തിൽ പ്രോസിക്യൂഷൻ എതിർ വാദമുന്നയിച്ചു. എഫ്‌ഐആർ ഒരു ഗൂഢാലോചനയ്ക്ക് മതിയായ വിവരങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്നു. അത് തെളിയിക്കാൻ തങ്ങളുടെ പക്കൽ ധാരാളം തെളിവുകളുണ്ട്. ഒരു ഓഡിയോ ക്ലിപ്പിംഗിൽ 'ഈ ഉദ്യോഗസ്ഥരെ ചുട്ടുകൊല്ലാൻ' ദിലീപ് പദ്ധതിയിടുന്നതായി കേൾക്കാം.
ALSO READമൂന്നാം തരംഗത്തെ സമീപിച്ചത് ശാസ്‌ത്രീയമായി ; കേന്ദ്ര പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് വീണ ജോര്‍ജ്
‘ഒരാളെ കൊല്ലാൻ പദ്ധതിയിട്ടാൽ കൂട്ടത്തിലിട്ട് കൊല്ലണം’ എന്ന് ദിലീപ് പറയുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാം. അതുകൊണ്ട് തന്നെ ഗൂഢാലോചന നടന്നതിന് ശേഷം ദിലീപിൽ നിന്ന് മറ്റ് പ്രതികൾക്ക് വ്യക്തമായ നിർദേശമാണ് ലഭിച്ചതെന്ന് വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്ന പ്രതിഭാഗം വാദത്തിന് അടിസ്ഥാനമില്ല. ഇരുവരും തമ്മിൽ യാതൊരു മുൻപരിചയവുമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കുറ്റകൃത്യം രജിസ്റ്റർ ചെയ്തതോടെ മിക്കവാറും എല്ലാ ഫോണുകളും പ്രതികൾ ഒളിപ്പിച്ചു. പ്രതിയുടെ പിന്നീടുള്ള ഈ പെരുമാറ്റം വളരെ കുറ്റകരമാണ്. ദിലീപും കൂട്ടരും ഏഴില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ദിലീപ് ഉന്നത ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തീരുമാനം എടുത്തു എന്നത് വ്യക്തമാണ്. എവി ജോർജിനും സന്ധ്യയ്ക്കും രണ്ട് പൂട്ടുകൾ മാറ്റിവച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.