അനധികൃത പാര്‍ക്കിങിനെതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് - ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍
റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
എറണാകുളം: ജില്ലയിലെ വിവിധയിടങ്ങളിലെ അനധികൃത വാഹന പാര്‍ക്കിങിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. സംസ്ഥാന റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എട്ട് സ്ക്വാഡുകള്‍ ഇതിനായി രംഗത്തുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ , ആലുവ മേഖലയിൽ രണ്ട് സ്ക്വാഡുകളും, അങ്കമാലി, പറവൂർ മേഖലയ്ക്ക് ഒരു സ്ക്വാഡും, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി ഭാഗങ്ങൾക്ക് ഒരു സ്ക്വാഡും, എറണാകുളം ടൗൺ, കാക്കനാട്, കളമശ്ശേരി കേന്ദ്രീകരിച്ച് നാല് സ്ക്വാഡുകളും പ്രവർത്തിക്കുന്നു.