എറണാകുളം : മഹാരാജാസ് കോളജിലെ വിദ്യാർഥിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി ഫലം പ്രസിദ്ധീകരിച്ച സംഭവത്തിൽ ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യും. പി എം ആർഷോയുടെ പരാതിയിൽ ആർക്കിയോളജി കോഡിനേറ്റർ വിനോദ് കുമാറിനെതിരെ പരാതി പരിഹാര സെല്ലാണ് നടപടിക്ക് ശുപാർശ ചെയ്‌തത്. തനിക്കെതിരെ വിനോദ് കുമാർ ഗൂഢാലോചന നടത്തിയെന്ന് ആർഷോ പരാതി നൽകിയിരുന്നു.
ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി തെറ്റായി ഫലം പ്രസിദ്ധീകരിച്ചത് വിവാദമാവുകയും തുടർന്ന് തെറ്റ് തിരുത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ ഫലം വന്നപ്പോൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിൽ മാർക്കോ ഗ്രേഡോ രേഖപ്പെടുത്താതെ വിജയിച്ചുവെന്ന് രേഖപ്പെടുത്തിയതാണ് വിവാദമായത്. ഇതിനെതിരെ മഹാരാജാസ് കോളജിലെ കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പാളിന് പരാതി നൽകി.
എന്നാൽ, ഇതൊരു സാങ്കേതിക പിഴവ് മാത്രമാണെന്നും സംഭവം വിദ്യാർഥികൾ ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ തിരുത്തിയെന്നും കോളജ് അധികൃതർ വ്യക്തമാക്കായിരുന്നു. എന്നാൽ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത്തരമൊരു പിഴവ് തിരുത്താതിരുന്നത് സംശയകരമാണെന്നാണ് കെഎസ്‌യു പറയുന്നത്. ഇതൊരു കേവല സാങ്കേതിക പിഴവ് മാത്രമല്ലന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് ആർഷോയുടെ ആരോപണം.
വ്യാജരേഖ ചമച്ച് അധ്യാപികയായ കേസ്, അന്വേഷണം തുടരുന്നു :മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് ലക്‌ചററായ പൂർവ വിദ്യാർഥിനി വിദ്യക്കെതിരെ പൊലീസ് അന്വേഷണം തുടരുകയാണ്. കേസെടുത്തതിന് പിന്നാലെ വിദ്യ ഒളിവിൽ പോയിരുന്നു. ജമ്യമില്ല വകുപ്പുകൾ പ്രകാരമാണ് വിദ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. കോളജ് അധികൃതരെ വഞ്ചിച്ച് ജോലി നേടുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ ചമച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. പരാതിക്കാരനായ മഹാരാജാസ് കോളജ് പ്രിൻസിപ്പാൾ വി എസ് ജോയിയുടെ മൊഴിയും എറണാകുളം സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കേസ് അഗളി പൊലീസിന് കൈമാറുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർഥിനി കെ വിദ്യയ്‌ക്കെതിരെയാണ് പ്രിൻസിപ്പാളിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ചൊവ്വാഴ്‌ച (ജൂൺ 6) കേസെടുത്തത്.
കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി ഈ പൂർവ വിദ്യാർഥിനി ജോലി ചെയ്‌തിരുന്നു. തുടർന്ന് അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലക്‌ചറർ അഭിമുഖത്തിന് എത്തി. എന്നാൽ, കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
അട്ടപ്പാടി ഗവ. കോളജിലെ അധ്യാപകർ മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിച്ചതോടെ വ്യാജരേഖയാണെന്ന് വ്യക്തമായി. പത്ത് വർഷമായി മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്‌ചറർ നിയമനം വേണ്ടി വന്നിട്ടില്ലന്ന് പ്രിൻസിപ്പാൾ വി എസ് ജോയി വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും പ്രിൻസിപ്പാൾ വി എസ് ജോയി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് മഹാരാജാസ് കോളജിൽ നിന്നും കെ വിദ്യ മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. മഹാരാജാസ് കോളജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്‌ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് വിദ്യ നിർമിച്ചത്. കോളജിന്‍റെ എംബ്ലവും പ്രിൻസിപ്പാളിന്‍റെ സീലും വ്യാജമായി നിർമിച്ച് മലയാളം വിഭാഗത്തിൽ രണ്ട് വർഷം ഗസ്റ്റ് ലക്‌ചററായിരുന്നെന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു.
ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളജിൽ ജോലി നേടിയിരുന്നു. മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്യുകയും ചെയ്‌തിരുന്നു. കാസർകോട് ജില്ലയിലെ സർക്കാർ കോളജിലും ഇവർ ഗസ്റ്റ് ലക്‌ചററായി നിയമനം നേടി.
ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് കെഎസ്‌യു : തുടർച്ചയായി സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തെത്തി. ഈ വിദ്യാർഥിനിക്ക് എസ്എഫ്ഐയുമായി ബന്ധമുള്ളതായും കെഎസ്‌യു ആരോപിക്കുന്നു. വിദ്യാർഥിനി നടത്തിയ ക്രമക്കേടിൽ കോളജിന് യാതൊരു ബന്ധവുമില്ലെന്നാണ് മഹാരാജാസ് കോളജ് അധികൃതർ വ്യക്തമാക്കിയത്. മികച്ച കലാലയങ്ങൾക്കുള്ള ദേശീയ റാങ്കിങ്ങിൽ മഹാരാജാസിന് 46-ാം സ്ഥാനം ലഭിച്ച വേളയിലാണ് കോളജിന്‍റെ പേരിൽ നടന്ന ക്രമക്കേട് വിവാദമായത്.