എറണാകുളം :കൊച്ചി നഗര പരിധിയില്‍ അപകടങ്ങള്‍ തടയാനുള്ള ദീര്‍ഘകാല പദ്ധതിയുമായി വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ). ആക്‌സിഡന്‍റ് ഫ്രീ കൊച്ചിയെന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയാണ് എറണാകുളം.
ഈ പശ്ചാത്തലത്തിലാണ് അവബോധം സൃഷ്ടിക്കാന്‍ വിഷയം ചർച്ചയാക്കുന്നതെന്ന് ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പറഞ്ഞു. ഇതിന്‍റെ ഭാഗമായി 'സുസ്ഥിരമായ കൊച്ചിക്കായി സുരക്ഷിതവും പൊതുവായതുമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന വിഷയത്തിൽ ഓഗസ്റ്റ് 9ന് ഏകദിന ശിൽപശാല സംഘടിപ്പിക്കും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ശിൽപശാല ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനത്തില്‍ അപകട രഹിത കൊച്ചി ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്യും. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍, പൊലീസ്, അഗ്നിരക്ഷാസേന, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സ്‌മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, കൊച്ചി കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍, അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ശിൽപശാലയില്‍ പങ്കെടുക്കും.