എറണാകുളം: ആന പിണ്ഡത്തിൽ നിന്ന് ചന്ദനത്തിരി നിർമ്മാണ കമ്പനി ആരംഭിക്കുന്ന ജോയിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസ്. ഇതുപോലെ ആന പിണ്ഡത്തിൽ നിന്ന് ജൈവവളവും പാചകവാതകവും നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കോടനാട് അഭയാരണ്യം വിനോദസഞ്ചാര കേന്ദ്രം. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപ ചെലവഴിച്ച് കോടനാട് അഭയാരണ്യം വിനോദസഞ്ചാര കേന്ദ്രത്തിൽ ആരംഭിച്ച അഭയാരണ്യം ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു.
പുണ്യാളൻ അഗർബത്തീസ് സിനിമ പോലെ പുത്തൻ ആശയങ്ങളുടെ 'അഭയാരണ്യം' - eco tourism centre
ആന പിണ്ഡത്തിലൂടെ നിർമിക്കുന്ന ജൈവവളം കർഷകർക്ക് ഏറെ പ്രയോജനപ്രദമാകും.
എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് വനം വകുപ്പിന് കീഴിലുള്ള അഭയാരണ്യം. ആന പിണ്ഡവും മൃഗ വിസർജ്യവും ശാസ്ത്രീയമായി സംസ്ക്കരിക്കുവാനും ഇതിൽ നിന്ന് ജൈവവളവും പാചകവാതകവും, ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണ് അഭയാരണ്യം ശുചിത്വ പദ്ധതി. ആന പിണ്ഡം സംസ്കരിക്കുന്നതിനായി തുമ്പൂർമുഴി മോഡൽ 10 എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കർഷകർക്ക് ഏറെ പ്രയോജനപ്രദമാകുന്നതാണ് ഇങ്ങനെ നിക്ഷേപിച്ച് നിർമിച്ചെടുക്കുന്ന ജൈവവളം. ആന പിണ്ഡവും മറ്റ് മൃഗങ്ങളുടെ വിസർജ്യവും ഭക്ഷണ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാത്തതുമൂലം ഗുരുതരമായ പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന സാഹചര്യത്തിൽ അവ ജൈവവളമാക്കി മാറ്റി ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരത്തിനായി ശുചിത്വമിഷന്‍റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി.പ്രകാശ് പറഞ്ഞു.