എറണാകുളം:കൊച്ചിയിലെത്തിയ പിഡിപി (PDP) നേതാവ് അബ്‌ദുള്‍ നാസര്‍ മദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് (Medical Trust) ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കൊച്ചിയില്‍ നിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ച് അഞ്ച് കിലോമീറ്റർ പിന്നിടുന്നതിനിടെയാണ് മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തസമ്മർദം കൂടിയ സാഹചര്യത്തില്‍ ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തിരിക്കുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും കൊല്ലത്തേക്ക് യാത്ര തിരിക്കുക.
ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനേ വേണ്ടി ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മദനി ഇന്നലെയാണ് (ജൂണ്‍ 26) കേരളത്തില്‍ എത്തിയത്. ബെംഗളൂരുവില്‍ നിന്നും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ പിഡിപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന അദ്ദേഹം ആദ്യം പിതാവിനെ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചത്.
അഞ്ചരവര്‍ഷത്തിന് ശേഷമാണ് പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് എത്തിയത്. മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു അദ്ദേഹം അവസാനം കേരളത്തില്‍ വന്നത്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ സുപ്രീം കോടതി നേരത്തെ തന്നെ അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നതാണ്.
എന്നാല്‍, മദനിക്ക് സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ചെലവും അദ്ദേഹം വഹിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിബന്ധനയെ തുടര്‍ന്നാണ് യാത്ര വൈകിയത്. ഇത്രയും വലിയ ചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു അന്ന് അദ്ദേഹം സ്വീകരിച്ചത്. കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് ചെലവില്‍ ഇളവും നല്‍കിയ സാഹചര്യത്തിലായിരുന്നു അദ്ദേഹം കേരളത്തിലേക്ക് എത്താമെന്ന് തീരുമാനിച്ചത്.