എറണാകുളം :കൊച്ചിൻ പോർട്ട് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹനപരിശോധനയിൽ 380 പേർ അറസ്‌റ്റിൽ. ശനിയാഴ്‌ച രാത്രിയിലാണ് പൊലീസ് മൂന്നര മണിക്കൂർ നീണ്ട വാഹനപരിശോധന നടത്തിയത്. അശ്രദ്ധമായി വാഹനമോടിക്കല്‍, മദ്യപിച്ച് വണ്ടിയോടിക്കല്‍, മയക്കുമരുന്ന് ഉപയോഗം, പരസ്യ മദ്യപാനം തുടങ്ങിയ സംഭവങ്ങളില്‍ 370 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
242 എണ്ണം മദ്യപിച്ച് വാഹനമോടിച്ചതിനുള്ള വകുപ്പുകള്‍ പ്രകാരവും 26 എണ്ണം നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് നിയമപ്രകാരവും 23 എണ്ണം അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തെ സുരക്ഷിതമാക്കുന്നതിനും നിരീക്ഷിക്കുന്നതിനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ഇത്തരത്തിലുള്ള നടപടികൾ ഇനിയും ഉണ്ടാകും. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകളിൽ നിർബന്ധമായും സ്ഥാപനത്തിനും റോഡിനും അഭിമുഖമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർ നിര്‍ദേശിച്ചിട്ടുണ്ട്.