എറണാകുളം:ജില്ലയിൽ ഇന്ന് 100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 94 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ജില്ലയിൽ സമ്പർക്ക രോഗ ബാധിതരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നത് ആശങ്കയുണർത്തുകയാണ്.
എറണാകുളത്ത് 100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആലുവ ലാർജ് ക്ലസ്റ്ററിലാണ് സമ്പർക്ക രോഗികൾ ഭൂരിഭാഗവുമുള്ളത്.
ആലുവ മുൻസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്ന ആലുവ ലാർജ് ക്ലസ്റ്ററിലാണ് സമ്പർക്ക രോഗികൾ ഭൂരിഭാഗവുമുള്ളത്. ആലുവ ലാർജ് ക്ലസ്റ്ററിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ സമ്പർക്ക ബാധിതരുടെ പട്ടിക.
ജില്ലയിലെ മറ്റൊരു കസ്റ്ററായ ചെല്ലാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞു. അതേസമയം ചേർന്ന് കിടക്കുന്ന പ്രദേശങ്ങളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്‍റെ സൂചന കൂടിയാണ് ഇന്നത്തെ രോഗികളുടെ പട്ടിക. തൃക്കാകര, കീഴ്മാട് കോൺവെന്‍റുകളിലെ അന്തേവാസികൾക്ക് രോഗം പടർന്ന് പിടിച്ചിരിക്കുകയാണ്. കോൺവെന്‍റുകൾ ക്ലോസ്‌ഡ് കണ്ടയിൻമെന്‍റ് സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ മുൻസിപ്പാലിറ്റി അടങ്ങുന്ന ലാർജ് ക്ലസ്റ്ററിൽ കർശന നിയന്ത്രണം തുടരുകയാണ്. ജില്ലയിൽ ഇന്ന് 95 പേരാണ് രോഗ മുക്തി നേടിയത്. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 992 ആയി ഉയർന്നു.