കേരളം

kerala

ETV Bharat / state

കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും: പി തിലോത്തമൻ

നിലവിൽ ഫലപ്രദമായ ഇടപെടലിലൂടെ 14 ഇനങ്ങളുടെ വിലകുറച്ചു നൽകുന്നതായി മന്ത്രി പി തിലോത്തമൻ പറഞ്ഞു.

ഫയൽ ചിത്രം

By

Published : Jun 17, 2019, 2:58 PM IST

Updated : Jun 17, 2019, 4:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രിക്കാൻ നിയമ വകുപ്പുമായി ആലോചിച്ച് ഉത്തരവിറക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും മാവേലിസ്റ്റോറുകൾ വഴി സാധനം കിട്ടാനില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും: പി തിലോത്തമൻ

നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എം.വിൻസന്‍റാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. നിലവിൽ ഫലപ്രദമായ ഇടപെടലിലൂടെ 14 ഇനങ്ങളുടെ വിലകുറച്ചു നൽകുന്നതായി മന്ത്രി പി തിലോത്തമൻ മറുപടി നൽകി. കാലാവസ്ഥാ വ്യതിയാനം കാരണം പച്ചക്കറികൾക്ക് മാത്രമാണ് നേരിയ വില വർദ്ധനവ്. കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കാൻ സർക്കാർ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ മണ്ഡലത്തിൽ പോലും മാവേലിസ്റ്റോറുകൾ വഴി സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് എം. വിൻസന്‍റ് ആരോപിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിൽ വിലയിടിഞ്ഞത് എൽഡിഎഫിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വസ്തുതകൾ പരിശോധിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Last Updated : Jun 17, 2019, 4:22 PM IST

ABOUT THE AUTHOR

...view details