വെസ്റ്റ്നൈല്‍ പനി; കാക്കകളുടെ സാമ്പിളുകളിലും വൈറസ് സാന്നിധ്യമില്ല
മുമ്പ് എടവണ്ണയില്‍ നിന്നും നിലമ്പൂരില്‍ നിന്നും ശേഖരിച്ച് പരിശോധനക്ക് അയച്ച കാക്കകളുടെ പരിശോധനഫലവും നെഗറ്റീവായിരുന്നു. ഇതോടെ വെസ്റ്റ് നൈല്‍ പനിയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മലപ്പുറം: വെസ്റ്റ്‌നൈല്‍ പനിയുടെ ഉറവിടം കണ്ടെത്തുന്നതിന് വേങ്ങര കണ്ണമംഗലത്ത് നിന്ന് വിദഗ്ധ പരിശോധനക്ക് അയച്ച കാക്കകളുടെ സാമ്പിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ മാസം ഏഴിനാണ് വെറ്ററിനറി വിഭാഗം കണ്ണമംഗലത്ത് നിന്ന് ചത്ത രണ്ട് കാക്കകളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലേക്ക് അയച്ചത്. ഇതിന്‍റെ ഫലമാണ് ഇന്നലെ പുറത്ത് വന്നത്. പരപ്പനങ്ങാടിയില്‍ വെസ്റ്റ്നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലയില്‍ നിന്ന് വീണ്ടും ചത്ത കാക്കയുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചത്. മുമ്പ് എടവണ്ണയില്‍ നിന്നും നിലമ്പൂരില്‍ നിന്നും ശേഖരിച്ച് പരിശോധനക്ക് അയച്ച കാക്കകളുടെ പരിശോധനഫലവും നെഗറ്റീവായിരുന്നു. ഇതോടെ വെസ്റ്റ് നൈല്‍ പനിയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.