കേരളം

kerala

ETV Bharat / state

നിപയെ ഒന്നിച്ച് അതിജീവിക്കാം: മുഖ്യമന്ത്രി - nipha

"ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം" - ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

By

Published : Jun 4, 2019, 7:48 PM IST

തിരുവനന്തപുരം:നിപയെ നേരിടാന്‍ ആരോഗ്യമേഖല തയ്യാറാണെന്നും നിപയെ ഒന്നിച്ച് അതിജീവിക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പ്. എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിനെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ആരും ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ വകുപ്പ് കൃത്യമായി മാര്‍ഗനിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലൂടെ പറഞ്ഞു. കഴിഞ്ഞ പ്രവശ്യത്തെ പോലെ ഇത്തവണയും നിപയെ അതിജീവിക്കാന്‍ സാധിക്കും. നിപയെക്കുറച്ച് ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

"എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം.

കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയും. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത്. അത്തരക്കാർക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും."

ABOUT THE AUTHOR

...view details