കെട്ടിടങ്ങള്‍ക്ക് എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി; വൈദ്യുതി മന്ത്രിക്ക് വിഎസിന്‍റെ കത്ത്
റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: എന്‍ഒസി ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഉത്തരവ് ഇറക്കിയത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പിന് വിഎസ് അച്യുതാനന്ദന്‍റെ കത്ത്. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് വി എസ് കത്ത് നല്‍കി. കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലാണ് റിസോർട്ടുകളും ഇതര വ്യാപാര സ്ഥാപനങ്ങളും. മൂന്നാര്‍ ദൗത്യകാലത്ത് കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ശരിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും വൈദ്യുതി വകുപ്പിന്‍റെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത് ഇടതുപക്ഷ നിലപാടിന് യോജിക്കുന്നതല്ലെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി.