തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളുടെ വൻനിര കേരളത്തിലേക്ക്. രാഹുൽ ഗാന്ധിയും അമിത് ഷായും കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ഇന്ന് പ്രചാരണത്തിനിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തുന്നത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദേശീയ നേതാക്കന്മാരെ ഇറക്കി പ്രചാരണരംഗം ശക്തമാക്കുകയാണ് എല്ലാ പാർട്ടികളും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 10 ന് പത്തനാപുരത്തും 11 .30 ന് പത്തനംതിട്ടയിലും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കും. ഉച്ചയോടെ പാലായിൽ എത്തുന്ന രാഹുൽ അന്തരിച്ച കെഎം മാണിയുടെ വീട് സന്ദർശിക്കും. തുടർന്ന് ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ സംസാരിക്കും .
രാഹുൽ ഗാന്ധിയും അമിത് ഷായും പ്രചാരണത്തിന് ഇന്നിറങ്ങും - അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, അമിത് ഷാ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കേരളത്തിലേക്ക് എത്തുന്നത്.
വൈകിട്ട് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.17 ന് കണ്ണൂരിലാണ് രാഹുൽ ഗാന്ധിയുടെ പര്യടനം ആരംഭിക്കുന്നത്. രാവിലെ കാസർഗോഡ് കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് പോകുന്ന രാഹുൽ തിരുനെല്ലി ക്ഷേത്ര ദർശനത്തിന് ശേഷം ബത്തേരി, തിരുവമ്പാടി, വണ്ടൂർ ,തൃത്താല എന്നിവിടങ്ങളിൽ നടക്കുന്ന പൊതു പരിപാടികളിലും പ്രസംഗിക്കും.
ഒരു ദിവസത്തെ പ്രചാരണ പരിപാടികൾക്കാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നത്. വൈകിട്ട് തൃശ്ശൂരും ആലുവയിലും പ്രചാരണ യോഗങ്ങളിൽ അദ്ദേഹം സംസാരിക്കും. 18 ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പരിപാടി. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കും . ഇതിനുപുറമേ നിരവധി ദേശീയ നേതാക്കൾ സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമാണ്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ തുടങ്ങിയ നേതാക്കളും വിവിധ മണ്ഡലങ്ങളിൽ രംഗത്തുണ്ട്.