ഇടുക്കി:ഇടുക്കി പീരുമേട്ടിലെ സബ് ജയിലിൽ റിമാന്‍റില്‍ കഴിഞ്ഞിരുന്ന പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പീരുമേട്ടിലെ കസ്റ്റഡി മരണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല - തിരുവനന്തപുരം
"നാട്ടുകാരെ പഴിചാരി കുറ്റക്കാരായ പോലീസുകാരെ രക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമം" - രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരെ പഴിചാരി കുറ്റക്കാരായ പോലീസുകാരെ രക്ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമം. മൊബൈൽ ഫോൺ പോലും ശരിയായി ഉപയോഗിക്കാൻ അറിയാത്ത രാജ്കുമാർ നടത്തിയെന്ന് പറയുന്ന സാമ്പത്തിക തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായ്‌പാ തട്ടിപ്പ് കേസിലെ പ്രതിയായ രാജ്‌കുമാറിനെ ജൂൺ 12നാണ് നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നത്. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി 16ന് പുലർച്ചെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വളരെ അവശനിലയിലായിരുന്നു രാജ്‌കുമാറിനെ ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും പ്രതിയെ പൊലീസ് കൊണ്ടുപോയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് ഈ മാസം 21ന് പീരുമേട് ജയിലിൽ വച്ച് രാജ്‌കുമാർ മരിച്ചു. ക്രൂര മർദ്ദനത്തിന് ഇരയായാണ് മരണമെന്ന് സംശയമുണ്ടായിന്നുവെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ തീവ്രത വെളിപ്പെടുന്നത്.