തിരുവനന്തപുരം:12-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളക്ക് ഇന്ന് തിരശീല വീഴുന്നു. മേളയുടെ സമാപന ചടങ്ങ് കൈരളി തിയറ്ററിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയിൽ ഒട്ടേറെ വിവാദങ്ങളുയർത്തിയ ആനന്ദ് പട്‌വർധന്‍റെ വിവേക് (റീസൺ) എന്ന ഡോക്യുമെന്‍ററി അവസാന ദിവസമായ ഇന്ന് പ്രദര്‍ശിപ്പിക്കും. ഈ ചിത്രത്തിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഹൈക്കോടതിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. വിവിധ വിഭാഗങ്ങളിലായി ഇതിനകം 190ലധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം
ആനന്ദ് പട്‌വർധന്‍റെ വിവേക് (റീസൺ) ഇന്ന് പ്രദര്‍ശിപ്പിക്കും
ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാര ജേതാവ് മധുശ്രീ ദത്തയുടെ ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. മേളയിൽ സെൽഫി, ദി ഡിസ്പൊസസ്സ്ഡ്, പീകോക്ക് പ്ല്യൂം, കോറൽ വുമൺ, മീറ്റിങ് ഗോർബച്ചേവ്, ദി ബ്ലൂ പെൻസിൽ, നമ്പി ദി സയന്റിസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലോങ് ഡോക്യുമെന്‍ററി, ഷോർട്ട് ഡോക്യുമെന്‍ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം വിഭാഗങ്ങളിലായി നാൽപതോളം ചിത്രങ്ങളുടെ പ്രദർശനം പൂർത്തിയായി. പരിസ്ഥിതി, കാർഷിക മേഖല, ചരിത്രം, ലിംഗസമത്വം, ദുരഭിമാനക്കൊല, അതിജീവന കഥകൾ എന്നിങ്ങനെ ചിത്രങ്ങളിലെ വിഷയവൈവിധ്യം കൊണ്ടും മേള വ്യത്യസ്‌തമായി.
ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം സംവിധായിക മധുശ്രീ ദത്തക്ക് ഇന്ന് സമാപന ചടങ്ങിൽ സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മധുശ്രീ ദത്തയുടെ 'മെയ്‌ഡ് ഇൻ ഇന്ത്യ', 'സ്ക്രിബിൾസ് ഓഫ് അക്ക' എന്നീ ചിത്രങ്ങൾ രാവിലെ 11.45ന് നിള തിയറ്ററിൽ പ്രദർശിപ്പിക്കും.