തൃശ്ശൂരിൽ സിറ്റിംഗ് എംപി. സി എൻ ജയദേവനെ ഒഴിവാക്കി നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക തയ്യാറാക്കി സിപിഐ. എംഎൽഎമാരായ സി ദിവാകരൻ തിരുവനന്തപുരത്തും ചിറ്റയം ഗോപകുമാർ മാവേലിക്കരയിലും മത്സരിക്കും. വയനാട്ടിൽ പിപി സുനീറും തൃശ്ശൂരിൽ രാജാജി മാത്യു തോമസും സ്ഥാനാർഥികളാകും.
കഴിഞ്ഞ രണ്ടു ദിവസമായി കൂടിയ പാർട്ടി എക്സിക്യൂട്ടീവ്, സംസ്ഥാന കൗൺസിൽ യോഗങ്ങൾക്കൊടുവിൽ ഇന്ന് ഉച്ചയോടെയാണ് നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയ്ക്ക് സിപിഐ സംസ്ഥാന കൗൺസിൽ യോഗം അംഗീകാരം നല്‍കിയത്. തിരുവനന്തപുരത്ത് കരുത്തനായ ശശി തരൂരിനെയും ബിജെപിയെയും നേരിടാൻ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ വേണമെന്ന് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടിരുന്നു. മത്സരിക്കാനില്ലെന്ന് കാനം വ്യക്തമാക്കിയതോടെ നെടുമങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ സി ദിവാകരനെ മത്സരിപ്പിക്കാന്‍ ധാരണയാകുകയായിരുന്നു. മത്സരം പാർട്ടിക്കും എൽഡിഎഫിനും അനുകൂലമാക്കാൻ സി ദിവാകരന് കഴിയുമെന്ന വിലയിരുത്തലാണ് നേതൃയോഗങ്ങളിൽ പൊതുവേ ഉയർന്നത്.
മാവേലിക്കര മണ്ഡലം രൂപീകരിച്ചത് മുതൽ കൊടിക്കുന്നിൽ സുരേഷ് നടത്തുന്ന യുഡിഎഫ് ജൈത്രയാത്രയ്ക്ക് തടയിടുന്നതിന് ഗോപകുമാറിനെ കളത്തിലിറക്കാൻ പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജില്ലാ കമ്മറ്റിയിലും ചിറ്റയം ഗോപകുമാറിനായിരുന്നു മുൻതൂക്കം. തൃശ്ശൂരിൽ സിറ്റിംഗ് എംപി. സി എൻ ജയദേവൻ മത്സരത്തിനില്ലെന്ന് യോഗത്തെ അറിയിച്ചു. പകരം ഒല്ലൂർ മുൻ എംഎൽഎയും ജനയുഗം ജനറൽ എഡിറ്ററുമായ രാജാജി മാത്യു തോമസിന്‍റെ പേര് ജയദേവൻ തന്നെ നിർദ്ദേശിച്ചു. തൃശ്ശൂരിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും രാജാജിക്ക് അനുകൂലമായി. എൽഡിഎഫിന് എക്കാലവും ബാലികേറാമലയായ വയനാട്ടിൽ സിപിഐ മലപ്പുറം ജില്ലാ മുൻ സെക്രട്ടറി കൂടിയായ സുനീറിനെ പാർട്ടി നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന സത്യൻ മൊകേരിക്ക് കടുത്ത മത്സരം കാഴ്ച വയ്ക്കാനായതും സുനീർ മലപ്പുറത്ത് നിന്നുള്ള ന്യൂനപക്ഷ സമുദായ അംഗം ആണെന്നതും സിപിഐയുടെ പ്രതീക്ഷ ഉയർത്തുന്നു.
എല്‍ഡിഎഫിലെ സീറ്റ് വിഭജനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമാവും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.