കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാവിലെ ഇരട്ടക്കൊലപാതകത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നുില്ല. എന്നാൽ പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, കാസർഗോട്ടെ ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ലോക്കൽ കമ്മറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.