തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ സൂര്യാതാപം ഉണ്ടാകാനും സാധ്യതയുണ്ട്. രാവിലെ 11നും വൈകിട്ടു 3നും ഇടയിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ കേന്ദ്രം - weather forecast
ശരാശരി താപനിലയിൽ നാളെ രണ്ടുമുതൽ മൂന്ന് ഡിഗ്രി വരെ വർധന ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതിനാൽ സൂര്യാതാപം അല്ലെങ്കിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്.
സൂര്യാതാപം അല്ലെങ്കിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്നുംകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.ഇത് കണക്കിലെടുത്ത് പൊതുജനങ്ങൾ രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിന് ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. രോഗങ്ങളുള്ളവർ ഇക്കാര്യത്തിൽ പരമാവധി ശ്രദ്ധ പുലർത്തണം. എപ്പോഴും കുപ്പികളിൽ ശുദ്ധജലം കരുതണം. പരമാവധി ശുദ്ധജലം കുടിക്കുകയും കാപ്പി ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുകയും വേണം.
പരീക്ഷ കാലമായതിനാൽ വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതർ പ്രത്യേക ശ്രദ്ധ പുലർത്തണം. വിദ്യാർത്ഥികളുമായി വിനോദയാത്ര പോകുന്ന സ്കൂളധികൃതർ രാവിലെ 11നും മൂന്നിനുമിടയിൽ കുട്ടികൾക്ക് ചൂടേല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തൊഴിലാളികളുടെ തൊഴിൽ സമയം പുനക്രമീകരിച്ച് നൽകണമെന്ന് ലേബർ കമ്മീഷണർ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും ഇക്കാര്യം ബാധകമാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകുന്നു.