സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത - heavy rainfall kerala
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് തയ്യാറെടുപ്പ് നടത്താനും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ഒറ്റപ്പെട്ടതോ ആയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് നാളെയും ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.