ആലപ്പുഴ: വഖഫ് ഭൂമി തട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഐ.എൻ.എൽ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആവശ്യം ഉന്നയിച്ചത്.
വഖഫ് ഭൂമി തട്ടിപ്പ്: സമഗ്ര അന്വേഷണം നടത്തണമെന്ന് ഐ.എൻ.എൽ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ് വഖഫ് സ്വത്തുക്കൾ. എന്നിട്ട് കൂടി ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നു. ഇക്കാര്യം ഗൗരവമേറിയ ഒന്നാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഐ.എൻ.എൽ ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ ഭാഗമായതിന് ശേഷം ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
ഇതേതുടർന്ന് നേതാക്കളുടെ സാനിദ്ധ്യത്തിൽ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കൗൺസിലും വാർഡുതല കൺവെൻഷനുകളും വിളിച്ചു ചേർക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ അമീന്‍റെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പാർലമെന്‍ററി ബോർഡ് രൂപീകരിച്ചു.
ജില്ലാ പ്രസിഡന്‍റ് നിസാറുദ്ദീൻ കാക്കോന്തറ, ജില്ലാ ജനറൽ സെക്രട്ടറി ബി അൻഷാദ്, ജില്ലാ ട്രഷറർ ഷാജി കൃഷ്ണൻ, കെ മോഹനൻ, എ.ബി നൗഷാദ് ഹബീബുള്ള, എ.കെ ഉബെസ്, വി.പി ലത്തീഫ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ചാരംമൂട് സാദത്ത് ആറ്റക്കുഞ്ഞ്, വി.എസ് ബഷീർ തുടങ്ങിയവരാണ് അംഗങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേർന്നത്.