ആലപ്പുഴ:എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൈക്രോഫിനാൻസ് കേസിൽ കുടുക്കുമോ എന്ന ഭയം മഹേശനുണ്ടായിരുന്നു. മഹേശനെ തേജോവധം ചെയ്യാൻ ചിലർ ശ്രമിച്ചു. മഹേശന്‍റെ കൈപ്പടയിൽ എഴുതിയ കത്തിൽ നിന്നും ഡയറിക്കുറിപ്പിൽ നിന്നും ഇക്കാര്യങ്ങൾ വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹേശന്‍റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെള്ളാപ്പള്ളി - CBI investoigation
മഹേശനെ തേജോവധം ചെയ്യാൻ ചിലർ ശ്രമിച്ചിരുന്നതായും മഹേശന്‍റെ കൈപ്പടയിൽ എഴുതിയ കത്തിൽ നിന്നും ഡയറിക്കുറിപ്പിൽ നിന്നും ഇക്കാര്യങ്ങൾ വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹേശനുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ല. ഇന്ന് മഹേശനെ പൊക്കി പറയുന്ന ആളുകളാണ് മഹേശനെ നശിപ്പിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മഹേശൻ തന്‍റെ വലം കയ്യായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആത്മഹത്യയുടെ പേരിൽ തന്നെ തേജോവധം ചെയ്യാനും നശിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മാവേലിക്കര, ചെങ്ങന്നൂർ യൂണിയനുകൾക്ക് കീഴിലുള്ള മൈക്രോഫിനാൻസ് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇവയിൽ ഒന്നും തന്നെ മഹേശൻ ഭാഗമല്ല. ഈ സാമ്പത്തിക ക്രമക്കേടുമായി മഹേശന് ബന്ധമില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ച ദിവസമാണ് മഹേശന്‍റെ ആത്മഹത്യയെന്നും വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തി.