ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കുറയാൻ സാധ്യതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂർ മണ്ഡലത്തിൽ എൻഡിഎക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇത്തവണ നിലനിർത്താൻ ആകുമോ എന്നത് സംശയമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരൂരിൽ എൻഡിഎക്ക് വോട്ട് കുറയാൻ സാധ്യതയെന്ന് വെള്ളാപ്പള്ളി
പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ആവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്‌ട്രീയ അഭിപ്രായം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കഴിഞ്ഞ തവണ മത്സരിച്ചത് മണ്ഡലത്തിൽ നിന്ന് തന്നെയുള്ള വ്യക്തിയായിരുന്നു. ഇത്തവണത്തെ സ്ഥിതി അതല്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സമുദായം നോക്കി വോട്ട് ചെയ്യുന്നവരല്ല അരൂരുകാർ. പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ആവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്‌ട്രീയ അഭിപ്രായം മാത്രമാണ്. കോന്നിയില്‍ വ്യക്തിതാൽപ്പര്യമല്ല, സംഘടനാ മര്യാദയാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വ്യക്തികളുടെ അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കാതെ സംഘടനാ തീരുമാനം നടപ്പിലാക്കാനുള്ള ആർജ്ജവമാണ് കോൺഗ്രസ് കോന്നിയിൽ കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.