ആലപ്പുഴ:കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച അപ്പർ കുട്ടനാട് (Upper Kuttanad) പ്രദേശങ്ങളിൽ ദുരിത ബാധിതരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് (Relief camp) മാറ്റി പാർപ്പിക്കാൻ തുടങ്ങി. ജനപ്രതിനിധികളുടേയും പൊലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെയും നേതൃത്വത്തിലാണ് ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.
കിടപ്പുരോഗികളെയും വൃദ്ധരെയും കുട്ടികളെയുമാണ് ആദ്യ ഘട്ടത്തിൽ മാറ്റിപാർപ്പിച്ചത്. കാൽ ഒടിഞ്ഞ് ചികിത്സയിൽ കഴിയുന്ന തലമടി നമ്പ്രശ്ശേരി രാജനേയും ഭാര്യ ഭാരതിയേയും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ക്യാമ്പിലേക്ക് മാറ്റി.
അപ്പർ കുട്ടനാട് വെള്ളത്തിനടിയിൽ; രക്ഷാപ്രവർത്തനം ഊർജിതം പള്ളാത്തുരുത്തി, തോട്ടപ്പള്ളി, തണ്ണീര്‍മുക്കം, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തലവടി, മുട്ടാർ പ്രദേശത്തെ ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ മുങ്ങി. പ്രളയ സമാനമാണ് അപ്പർ കുട്ടനാട്.
നിരവധി താമസക്കാർ തിങ്ങിപ്പാർത്തിരുന്ന തലവടി കുതിരച്ചാൽ കോളനി പൂർണമായി ഒഴിഞ്ഞു. മിക്കവരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. അപ്പർ കുട്ടനാട്ടിൽ ഏറെ നാശം വിതയ്ക്കുന്ന പഞ്ചായത്തായി തലവടി മാറിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 450 കുടുംബങ്ങളിലെ 1376 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കുട്ടനാട് താലൂക്കില്‍ 51 ഗ്രൂവല്‍ സെന്‍ററുകളില്‍ നിന്ന് 1141 കുടുംബങ്ങളിലെ 4599 പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നു.
അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ ഡെപ്യൂട്ടി കലക്‌ടർ ആന്‍റണി സ്‌കറിയയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ഡി.ആര്‍.എഫിന്‍റെ 21 അംഗ സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
Also Read: സ്‌കൂള്‍ മുറ്റത്ത് അരി കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് കാര്‍ മണ്ണില്‍ താഴ്ന്നപ്പോള്‍