ആലപ്പുഴ:ലോകജനതക്ക് സമാനതകളില്ലാത്ത നഷ്‌ടങ്ങൾ വിതച്ച സുനാമി ഓർമകൾക്കിന്ന് പതിനഞ്ചാണ്ട്. തിരുപ്പിറവി ആഘോഷങ്ങളുടെ ആലസ്യത്തിൽ നിന്ന് മാലോകർ എഴുന്നേൽക്കും മുമ്പായിരുന്നു മാനവരാശിയെ ഞെട്ടിച്ച ദുരന്തം ആഞ്ഞടിച്ചത്. കടലിന്‍റെ മക്കൾക്ക് ആ കറുത്ത ദിനത്തിൽ നഷ്‌ടമായത് ഉറ്റവരെയും ഒരായുസിന്‍റെ സമ്പാദ്യവുമായിരുന്നു. സുനാമി ദുരന്തത്തിൽ 28 ജീവനുകളാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ മാത്രം പൊലിഞ്ഞത്. അലപ്പുഴയില്‍ മാത്രം ആയിരത്തിലധികം വീടുകൾ കടലെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും നഷ്‌ടമായി.
തിരകൾ തകർത്തെറിഞ്ഞ ജീവിതങ്ങൾ; സുനാമി ഓര്‍മകൾക്ക് പതിനഞ്ചാണ്ട് 2004 ഡിസംബര്‍ 26, ക്രിസ്‌മസ് പിറ്റേന്ന് രാവിലെ 7.59ന് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി രൂപാന്തരപ്പെടുകയായിരുന്നു. ഭൂകമ്പമാപിനിയില്‍ 9.1 രേഖപ്പെടുത്തിയ പ്രകമ്പനം പത്ത് മിനിറ്റോളം നീണ്ടു. ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഇവ രാക്ഷസത്തിരമാലകളായി ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിച്ചു.
ഇന്ത്യയടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി മൂന്നര ലക്ഷത്തിലധികം മനുഷ്യജീവനുകളാണ് ഇല്ലാതാക്കിയത്. ആന്‍റമാന്‍ ദ്വീപുകള്‍ക്കും സുമാത്രക്കുമിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പമുണ്ടായി 15 മിനിറ്റ് പിന്നിടും മുമ്പ് കൂറ്റന്‍ തിരമാലകള്‍ സുമാത്രയിലെയും ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു.
ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലായിരുന്നു സുനാമി തിരമാലകള്‍ ആഞ്ഞടിച്ചത്. കേട്ടുമാത്രം പരിചയമുള്ള സുനാമി ഇന്ത്യക്കും ഭീഷണിയാകുമെന്ന് കണ്ടതോടെ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബര്‍ ഒന്ന് മുതല്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. തീരദേശമുള്ള സംസ്ഥാനങ്ങളിലെ അധികാരികൾ ഇതിന് ആവശ്യമായ പരിഗണന നല്‍കാറില്ലെന്ന പരാതി ആദ്യം ഉയർന്നിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചു.
സുനാമി വരുത്തിയ ദുരിതക്കയത്തിൽ നിന്ന് ഇനിയും കരകയറാത്ത കുടുംബങ്ങൾ നിരവധിയാണ്. നഷ്‌ടപ്പെട്ട ജീവനുകൾ ഒഴികെ ബാക്കിയെല്ലാം തിരികെ നൽകാമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇവിടം സന്ദർശിച്ച് കൊണ്ട് പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനവും കടലാസിൽ ഒതുങ്ങി. വാഗ്‌ദാനങ്ങൾ പലതും വെറുംവാക്കുകൾ മാത്രമായി. സുനാമി വിതച്ച ദുരിതം മാറും മുമ്പേ ഓഖിയും ദുരിതമായി പെയ്‌തിറങ്ങി. ഒരുനിമിഷം കൊണ്ട് സമ്പാദിച്ചതെല്ലാം കൺമുന്നിൽ കവർന്നെടുക്കുന്നത് കണ്ട കടലിന്‍റെ മക്കൾ ഇപ്പോഴും നമ്മുടെ തീരങ്ങളിലുണ്ട്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും മറക്കുവാൻ സാധിക്കാത്തവർ. തിരകൾ തകർത്തെറിഞ്ഞ ജീവിതങ്ങൾക്ക് മുന്നിൽ സ്‌മരണാഞ്ജലികളോടെ അവര്‍ ഇന്നും വിതുമ്പുകയാണ്...