ആലപ്പുഴ:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യമായതിനാൽ സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കേന്ദ്ര ധനസഹായം സംസ്ഥാനത്തിന് കിട്ടുന്നില്ല. കേന്ദ്ര സർക്കാർ രണ്ടു ഗഡുക്കളായി ജിഎസ്‌ടി കോമ്പന്‍സേഷന്‍ നല്‍കുമെന്നാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആദ്യ ഗഡുവിന്‍റെ പകുതി മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. ബാക്കി തരാൻ കഴിയില്ല എന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണമുണ്ടെന്ന് തോമസ് ഐസക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്
കേന്ദ്രത്തിൽ ഫണ്ടില്ലെങ്കിൽ അവർ റിസർവ് ബാങ്കിൽ കൈയിട്ടു വാരുകയും എൽഐസി പോലുള്ള സ്ഥാപനങ്ങൾ വിൽക്കുകയും ചെയ്യും. എന്നാൽ സംസ്ഥാനങ്ങൾക്ക് ഫണ്ടില്ലെങ്കിൽ എന്തു ചെയ്യുമെന്ന് ഐസക്ക് ചോദിച്ചു. ഏപ്രിൽ വരെയും സംസ്ഥാനത്ത് ഇത്തരത്തിൽ സാമ്പത്തിക നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് എന്ന ആരോപണം തെറ്റാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിയന്ത്രണങ്ങൾക്ക് അതീതമാണെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.