കേരളം

kerala

ETV Bharat / state

'ആർത്തവകാലം ഇനി പരിസ്ഥിതി സൗഹൃദം'; ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി

മെൻസ്ട്രൽ കപ്പുകളും കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന തുണികൊണ്ടുള്ള നാപ്‌കിനുകളുടെ ഉപയോഗവും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

ആർത്തവകാലം

By

Published : Jun 18, 2019, 10:44 PM IST

Updated : Jun 19, 2019, 5:18 AM IST

ആലപ്പുഴ: ആർത്തവകാലം എങ്ങനെ പരിസ്ഥിതി സൗഹൃദമാക്കാം എന്ന ചിന്തയില്‍ നിന്നാണ് 'തിങ്കള്‍' എന്ന വിപ്ലവകരമായ ആശയത്തിലേക്ക് ആലപ്പുഴ നഗരസഭ എത്തുന്നത്. മാലിന്യ സംസ്‌കരണത്തിന് എന്നും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വസ്‌തുവാണ് സാനിറ്ററി നാപ്‌കിനുകള്‍. നൂറ്റാണ്ടുകള്‍ മണ്ണില്‍ കിടന്നാലും അത് സംസ്കരിക്കപ്പെടുകയില്ല. അഞ്ച് വര്‍ഷം പുനരുപയോഗിക്കാന്‍ കഴിയുന്ന മെന്‍സ്ട്രല്‍ കപ്പുകളും കഴുകി ഉപയോഗിക്കാന്‍ സാധിക്കുന്ന തുണികൊണ്ടുള്ള നാപ്‌കിനുകളും പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

'ആർത്തവകാലം ഇനി പരിസ്ഥിതി സൗഹൃദം'; ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി

ആദ്യഘട്ടത്തില്‍ 5000 കപ്പുകൾ സൗജന്യമായി ആലപ്പുഴ നഗരസഭയിൽ നിന്നും താത്പര്യമുള്ളവർക്ക് നൽകും. രണ്ടാം ഘട്ടത്തിൽ പുനരുപയോഗിക്കാവുന്ന തുണി പാഡുകൾ നൽകാനാണ് നഗരസഭ അധികൃതർ ഉദ്ദേശിക്കുന്നത്. നഗരസഭയും ഹിന്ദുസ്ഥാൻ ലാറ്റക്സും ചേർന്ന് കോൾ ഇന്ത്യ ലിമിറ്റഡിന്‍റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് നിർവഹിച്ചു. പ്രളയകാലത്ത് നഗരസഭാ പ്രദേശത്തെ 47 ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സംസ്‌കരിക്കാന്‍ എത്തിച്ച ചാക്ക് കണക്കിന് നാപ്‌കിനുകള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരാലോചനയുണ്ടായത്. അന്ന് ഹിന്ദുസ്ഥാൻ ലാറ്റക്സ് സൗജന്യമായി ഇൻസിനറേറ്ററുകൾ നൽകിയതിനാൽ പ്രശ്‌നം തത്ക്കാലം പരിഹരിക്കാൻ കഴിഞ്ഞു. അവിടെ നിന്നാണ് എച്ച്എൽഎൽ കമ്പനിയും ആലപ്പുഴ നഗരസഭയും ഈ വഴിക്ക് ചിന്തിച്ചത്. നിലവിൽ ഡബിൾ ചേമ്പർ ഇൻസിനറേഷനാണ് സംസ്കരണരീതി, എന്നാല്‍ ഇത് പരിസ്ഥിതി സൗഹൃദമല്ല.

ഒരു സ്ത്രീ ശരാശരി ഒരു വർഷം തന്നെ 156 സാനിറ്ററി നാപ്‌കിന്‍ എങ്കിലും ഉപയോഗിക്കും. അതായത് മെനോപോസ് വരെ നോക്കിയാൽ 6500 എണ്ണം. ഇങ്ങിനെയെങ്കിൽ ഒരു മെൻസ്ട്രൽ കപ്പ് ഏകദേശം 780 സാനിറ്ററി നാപ്‌കിനുകള്‍ക്ക് പകരമാകും. അത്രയും പൈസ ലാഭിക്കുന്നതോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും ഇല്ലാതാക്കാം. അതായത് ഇപ്പോൾ 5000 പേർ ഇതിലേക്ക് മാറിയാൽ 39 ലക്ഷം നാപ്‌കിന്‍ പാഡുകള്‍ മണ്ണിലേക്ക് വരില്ല എന്നർത്ഥം. നാപ്‌കിനുകളേക്കാള്‍ വളരെയധികം സൗകര്യവും വൃത്തിയുമുള്ളവയാണ് കപ്പുകൾ എന്നതും ശ്രദ്ധേയമാണ്. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നിലവില്‍ സ്ത്രീകള്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വാങ്ങുന്നത്. 300 മുതൽ 600 രൂപ വരെ ഇതിന് വിലയുണ്ട്. മെഡിക്കൽ സിലിക്കൺ കൊണ്ട് നിർമ്മിക്കുന്ന കപ്പുകൾ 12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാൻ കഴിയും. ഇൻഫെക്ഷനും മറ്റും ഒഴിവാക്കുന്നതിന് ഉപയോഗക്രമവും വൃത്തിയും പാലിക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം. നഗരസഭാ ഓഫീസിൽ തന്നെ പ്രവർത്തിക്കുന്ന ഹെൽത്ത് വിഭാഗത്തിൽ നിന്നും ആലപ്പുഴ കൈചൂണ്ടിമുക്കിലെ നഗരസഭ കുടുംബശ്രീ/സിഡിഎസ് ഓഫീസിൽ നിന്നും സൗജന്യമായി സ്ത്രീകൾക്ക് കപ്പുകൾ വാങ്ങാം. ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകാൻ ഒരു സെന്‍റര്‍ സേവനവും അധികൃതർ സജ്ജീകരിച്ചിട്ടുണ്ട്.

Last Updated : Jun 19, 2019, 5:18 AM IST

ABOUT THE AUTHOR

...view details