ആലപ്പുഴ: മതത്തിന് അതീതമാണ് മാനവസ്നേഹമെന്ന സന്ദേശവുമായി മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുക്കി ഹൈന്ദവ വധൂവരന്മാർ വിവാഹിതരായി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വിവാഹം നടക്കുന്നത്. കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളിക്കമ്മിറ്റിയാണ് മംഗള കർമത്തിന് മാനവസ്നേഹത്തിന്‍റെ പന്തൽ ഒരുക്കിയത്. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അതിരുകൾക്ക് അപ്പുറമാണ് 'അമൃതാഞ്ജലി'യിലെ അഞ്ജുവും തെക്കേടത്ത് തറയിൽ ശരത് ശശിയും ജീവിതത്തിൽ താലി ചരടിനാൽ ചേർത്തുവെക്കപ്പെട്ടത്. ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളി അങ്കണത്തിൽ പൂർണമായും ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്.
മുസ്‌ലിം പള്ളിയങ്കണത്തിൽ കതിർമണ്ഡപമൊരുങ്ങി; അഞ്ജുവിനും ശരത്തിനും മാംഗല്യം - alapuzha
മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അതിരുകൾക്കപ്പുറമാണ് അഞ്ജുവും ശരത്തും ജീവിതത്തിൽ താലി ചരടിനാൽ ചേർത്തുവെക്കപ്പെട്ടത്
പിതാവ് മരിച്ചതോടെ പ്രതിസന്ധിയിലായ വധുവിന്‍റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. പള്ളിക്കൽ സ്വദേശി നസീർ വിവാഹ ചടങ്ങിനുള്ള ചെലവ് വഹിക്കാമെന്ന് പറഞ്ഞതോടെ ആഘോഷങ്ങൾ ആരംഭിക്കുകയായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും നൽകാൻ പ്രദേശവാസികളും ഒപ്പമെത്തി. വാഹ ചടങ്ങുകൾക്ക് ചുക്കാൻപിടിക്കാനും ഒരുക്കങ്ങൾക്കുമായി മഹല്ല് ഭാരവാഹികളും സജീവമായിരുന്നു. പള്ളി സെക്രട്ടറി നുജുമുദ്ദീൻ ആലുമൂട്ടിലിന്‍റെ വസതിയിൽ നിന്ന് താലപ്പൊലികളുടെ അകമ്പടിയോടെ പ്രദേശവാസികൾ ചേർന്നാണ് വധുവരന്മാരെ വിവാഹവേദിയിലേക്ക് ആനയിച്ചത്. പ്രാർഥനകൾക്കും അനുബന്ധ പൂജാകർമ്മങ്ങൾക്കും ശേഷം പള്ളിമിനാരങ്ങളെയും അഗ്നിയെയും അഷ്ടമംഗല്യങ്ങളും സാക്ഷിയാക്കി ശരത് അഞ്ജുവിന്‍റെ കഴുത്തിൽ വരണമാല്യം ചാർത്തി.
ജാതി-മത വേർതിരിവുകൾക്കപ്പുറം മനുഷ്യസ്നേഹവുമാണ് ഇവിടെ കണ്ടതെന്നും ഒരു രാജ്യം മുഴുവൻ തന്നോടൊപ്പം ഉള്ളതായി തോന്നുന്നുവെന്നും വധുവിന്‍റെ അമ്മ ബിന്ദു പ്രതികരിച്ചു. ക്ഷണിക്കപ്പെട്ടവരും അല്ലാത്തവരുമായി ആയിരത്തിലേറെ പേർ വധൂവരന്മാരെ ആശിർവദിക്കാൻ എത്തിച്ചേർന്നു. ജമാഅത്ത് കമ്മിറ്റി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അഞ്ജുവിന്‍റെയും ശരത്തിന്‍റെയും വിവാഹം ഒരു ജനതയുടെ ആഘോഷമാക്കി മാറ്റി മാനവസ്നേഹത്തിന്‍റെ മാതൃക കാണിക്കുകയാണ് കായംകുളം ചേരാവള്ളിയിലെ ജനത.