ആലപ്പുഴ: സംസ്ഥാനത്ത് മദ്യ ദൗർലഭ്യം രൂക്ഷമായതോടെ ജില്ലയുടെ പലഭാഗത്തും വ്യാജവാറ്റ് വ്യാപകമാവുകയാണ്. ഹരിപ്പാട് കരുവാറ്റ കൊട്ടാരവളവ് ഭാഗത്ത് എക്സൈസ് നടത്തിയ റെയ്‌ഡിൽ 350 ലിറ്റർ കോട പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ വടക്ക് പുതുവലിൽ സ്വദേശി സുബാഷിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ഹരിപ്പാട് വ്യാജവാറ്റ് നിർമ്മാണം സജീവം - മദ്യ ദൗർബല്യം
വ്യാജവാറ്റ് സംഘങ്ങളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് എക്സൈസ്, പൊലീസ് സംഘങ്ങൾ
ഹരിപ്പാട് എക്സൈസ് സി.ഐ രാജൻ ബാബുവിൻ്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്. 35 ലിറ്ററിന്‍റെ മൂന്ന് കന്നാസ്, 15 ലിറ്ററിന്‍റെ മൂന്ന് കലം എന്നിവയിലാണ് കോട സൂക്ഷിച്ചിരുന്നത്. പ്രധാനമായും ഹരിപ്പാട്, മാവേലിക്കര, കായംകുളം ഭാഗത്താണ് വ്യാജവാറ്റ് സംഘങ്ങൾ കൂടുതലായുള്ളത്.
വ്യാജവാറ്റ് സംഘങ്ങളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായവും എക്സൈസ്, പൊലീസ് പരിശോധനാ സംഘങ്ങൾ അഭ്യർത്ഥിക്കുകയാണ്. വ്യാജവാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ എക്സൈസ് സ്റ്റേഷനിലോ അറിയിക്കുവാനാണ് അഭ്യർത്ഥന. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധനകളുമായി മുന്നോട്ടുപോകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.