കേരളം

kerala

ETV Bharat / state

പിഎച്ച്ഡി പഠനം, ഒഴിവ് സമയങ്ങളിൽ ചായക്കടയിൽ; അറിയണം ആര്‍ദ്ര എന്ന ഗവേഷകയെ - hotel work phd student ardra from aroor, alappuzha

ഗവേഷണം പൂർത്തിയാക്കി സർക്കാർ സർവീസിൽ ജോലി നേടണമെന്നാണ് ആർദ്രയുടെ ആഗ്രഹം

hotel work phd student ardra from aroor, alappuzha  ഗവേഷക വിദ്യാര്‍ഥിനി ആർദ്ര എം അപ്പുകുട്ടൻ അരൂർ ആലപ്പുഴ
പിഎച്ച്ഡി പഠനം, ഒഴിവ് സമയങ്ങളിൽ ചായക്കടയിൽ; അറിയണം ആര്‍ദ്ര എന്ന ഗവേഷകയെ

By

Published : Jan 8, 2022, 8:25 PM IST

ആലപ്പുഴ: വീട്ടില്‍ എന്തെങ്കിലും പണി ചെയ്യാൻ പറയുമ്പോൾ ഒഴിഞ്ഞുമാറാനായി നമ്മള്‍ പറയുന്ന പ്രധാന അടവുകളിലൊന്നാണ്‌ പഠിക്കാനുണ്ട് എന്നത്‌. പലരും മടിയോടെയാണെങ്കിലും ചെറിയ ചെറിയ പണികൾ ഒക്കെ ചെയ്യാറുമുണ്ട്. എന്നാൽ ഇത്തരം പണികൾ ജീവിത ചര്യയുടെയും നിലനിൽപ്പിന്‍റെയും വിഷയമായി മാറുമ്പോഴാണ് അത് അതിജീവനത്തിന്‍റെ കഥയായി മാറുന്നത്. അങ്ങനെ ഒരാളാണ് അരൂർ സ്വദേശിനി ആർദ്ര എം അപ്പുകുട്ടൻ.

ഗവേഷണ പഠനത്തിനൊപ്പമാണ്‌ അരൂർ റെയിൽവേ ഓവർ ബ്രിഡ്‌ജിന്‌ സമീപത്തെ മാതാപിതാക്കളുടെ ചായക്കടയിൽ അവർക്ക് തുണയായി ആർദ്ര എത്തുന്നത്. പുലർച്ചെ 5 മണിക്ക് അച്ഛന്‍റെയും അമ്മയുടെയും ഒപ്പം ഇവിടെയെത്തിയാൽ പിന്നെ പാചകത്തിനും മറ്റും ചുക്കാൻ പിടിക്കുന്നത്‌ ആർദ്രയാണ്‌. കടയിലെ അടുക്കള കൈകാര്യം ചെയ്യുന്നത് അമ്മ മോളിയും ആർദ്രയും ചേർന്നാണ്.

പിഎച്ച്ഡി പഠനം, ഒഴിവ് സമയങ്ങളിൽ ചായക്കടയിൽ; അറിയണം ആര്‍ദ്ര എന്ന ഗവേഷകയെ

പത്തുമണിയായാൽ ക്യാഷ് കൗണ്ടറിൽ. ഊണിന്‍റെ സമയമായാൽ ക്യാഷ് കൗണ്ടർ അച്ഛൻ അപ്പുക്കുട്ടനെ ഏൽപ്പിച്ച് ഭക്ഷണം വിളമ്പും. സഹായത്തിന് കടയിലെത്തുന്ന മറ്റ് ജോലിക്കാർ വന്നില്ലെങ്കിൽ പാത്രം കഴുകുന്നതും മറ്റ് പണികൾ ചെയ്യുന്നതും ആർദ്ര തന്നെ. കോളജിൽ പോയി തിരികെയെത്തിയാൽ നേരെ വരുന്നതും കടയിലേക്ക് തന്നെ. പിന്നെ രാത്രി പത്തു മണിവരെ കടയില്‍.

ALSO READ:ആനകുത്തിയാലും അനങ്ങില്ല, കുലുങ്ങില്ല കുര്യാക്കോസ്‌

പ്ലസ്‌ടു കഴിഞ്ഞതു മുതൽ ഇതാണ് ആർദ്രയുടെ ദിനചര്യ. കൊച്ചി സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള മറൈൻ ബയോളജി ക്യാമ്പസിലാണ് ഗവേഷണ പഠനം. മഹാരാജാസിലെ ബിരുദ പഠനത്തിന് ശേഷമാണ് ആർദ്ര കുസാറ്റിൽ ബിരുദാനന്തര ബിരുദത്തിന് ചേരുന്നത്. ശേഷം അവിടെ തന്നെ എൻട്രൻസ് എഴുതി ഗവേഷണത്തിന് ചേരുകയായിരുന്നു.

അച്ഛനെയും അമ്മയെയും ജോലിയിൽ സഹായിക്കുകയല്ല, മറിച്ച് താൻ ഉൾപ്പടെയുള്ള മൂന്ന് പേരുടെ വരുമാന മാർഗമെന്ന നിലയിൽ ജോലികളിൽ പങ്കാളിയാവുക എന്നതാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ആർദ്രയുടെ പക്ഷം. കടയിൽ തിരക്കൊഴിയുമ്പോഴാണ്‌ പഠിക്കാന്‍ സമയം കണ്ടെത്തുന്നത്‌. പഠന കാലത്തെ പരീക്ഷകളും ഗവേഷണത്തിന്‍റെ തിരക്കുകളും മറ്റും വരുമ്പോൾ കടയിൽ നിന്ന് ലീവെടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

എത്രയും വേഗം ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡി ബിരുദം നേടി സർക്കാർ സർവീസിൽ ജോലി നേടണമെന്നാണ് ആർദ്രയുടെ ആഗ്രഹം. വിശപ്പിന്‍റെ വിലയറിയുന്നത് കൊണ്ട് തന്നെ കടയിൽ വരുന്നവരുടെ വയറിനൊപ്പം രുചികൊണ്ട് മനസും നിറച്ച ശേഷമേ ഈ അച്ഛനും മകളും മടക്കാറുള്ളൂ. ചായക്കടയിലെ വരുമാന മാർഗം കൊണ്ടാണ് ഈ മാതാപിതാക്കൾ മകളെ ഇതുവരെ പഠിപ്പിച്ചത്.

എത്ര കഠിനാധ്വാനം ചെയ്‌തും മകളുടെ പഠനത്തിന് എല്ലാപിന്തുണയും നൽകാന്‍ ആർദ്രയ്ക്ക് കരുത്തായി അവരുണ്ട്. ജീവിതയാത്രയിൽ ഏറെ ദുരിതങ്ങളും പ്രതിസന്ധികളും അതിജീവിച്ചാണ് ആർദ്രയും കുടുംബവും പൊരുതുന്നത്. തന്‍റെ സ്വപ്‌നങ്ങളെല്ലാം ഒരുദിവസം സാധ്യമാക്കി അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്നതാണ് ആർദ്രയുടെ ഏറ്റവും വലിയ ആഗ്രഹം.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details