ആലപ്പുഴ:മാധ്യമപ്രവർത്തകരെ പൊതുവേദിയിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കെ. സുരേന്ദ്രൻ വിശദീകരണ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത് പ്രചരിപ്പിച്ചതിന് ന്യൂസ് 18 റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
മാധ്യമപ്രവർത്തകർക്കെതിരെ കയ്യേറ്റശ്രമം; പ്രതികരണവുമായി കെ. സുരേന്ദ്രൻ
"വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത് റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു"
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
"മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്. മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ഈ വാർത്ത ബിജെപി യേയും വ്യക്തിപരമായി എന്നേയും അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പടച്ചുവിട്ടതാണ്.
പതിനായിരക്കണക്കിന് എൻഎസ്എസ് പ്രവർത്തകരുടെ വോട്ട് പത്തനംതിട്ടയിൽ എൻഡിഎയ്ക്ക് കിട്ടിയ കാര്യം നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. നെറികേട് കാണിച്ചാൽ നേരെ ചോദിക്കും അത് ആരായാലും. ഒരു പത്രപ്രവർത്തകനോടും അപമര്യാദയായി പെരുമാറുന്ന പതിവില്ല. പത്രപ്രവർത്തകർക്ക് ആരേയും തേജോവധം ചെയ്യാനുള്ള ലൈസൻസില്ല എന്ന വസ്തുത സിപിഎമ്മിന്‍റെ പോഷകസംഘടനയായി അധഃപതിച്ച പത്രപ്രവർത്തകയൂണിയനെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയമായി എതിർക്കാം. അതിന് മറ്റു സംഘടനകളെ അനാവശ്യമായി വലിച്ചിഴക്കുന്നത് അംഗീകരിക്കില്ല. തിരുത്താനായി ഒന്നും എന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരുത്തേണ്ടത് ന്യൂസ് 18 ആണ്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും."