ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ കൊലപാതക കേസിൽ കുറ്റാരോപിതനായി വിചാരണ ചെയ്യുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്‌ടറായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി ജില്ലയിലെ സുന്നി സംഘടനകൾ രംഗത്ത്. കൊലപാതക കേസിൽ പ്രതിയായ ഒരാള്‍ക്ക് ജില്ലയുടെ മുഴുവന്‍ ചുമതലയും നല്‍കിയ നടപടിയിലാണ് സംഘം പ്രതിഷേധവുമായെത്തിയത്. ഇത്തരത്തിലുള്ള കലക്‌ടര്‍ നിയമനം അംഗീകരിക്കാനാവില്ലെന്നാണ് സംഘടനയുടെ നിലപാട്.
പത്രപ്രവർത്തക യൂണിയന്‍റെ സംസ്ഥാന - ജില്ലാ നേതൃത്വങ്ങളും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നിയമന ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാനും ആവശ്യമെങ്കിൽ ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനുമാണ് ജില്ലയിലെ സുന്നി സംഘടനകളുടെ തീരുമാനം. സുന്നി സംഘടനകളുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരിക്കെയാണ് കെ.എം ബഷീർ വാഹനപകടത്തില്‍ മരിച്ചത്.