ആലപ്പുഴ: യൂട്യൂബ് വീഡിയോ കണ്ട് വ്യാജമദ്യം നിർമിച്ച യുവാക്കൾ ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ പഴവീട് സ്വദേശികളായ അരവിന്ദ് (20), അനന്ദു (22), ജിതിൻലാൽ (24) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. നഗരത്തിലെ ലഹരിമരുന്ന് മാഫിയക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ ഡാർക്ക് ഡെവിളി'ൻ്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്.
യൂട്യൂബ് നോക്കി വ്യാജമദ്യം നിർമിച്ച യുവാക്കൾ പിടിയിൽ - ആലപ്പുഴയിൽ പിടിയിൽ
ലഹരിമരുന്ന് മാഫിയക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ ഡാർക്ക് ഡെവിളിൻ്റെ' ഭാഗമായാണ് യുവാക്കളെ പിടികൂടിയത്
ആലപ്പുഴ സൗത്ത് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നഗരത്തിലെ കൈതവന മാന്താഴത്ത് നിന്നാണ് മൂവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 200 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ചാണ് പ്രതികൾ വ്യാജമദ്യം നിർമിക്കാൻ ശ്രമിച്ചത്. കൊവിഡ് നിയന്ത്രങ്ങൾ നിലനിൽക്കുന്നത് മൂലം ബാറുകളും ബിവറേജ് ഔട്ട്‌ലറ്റുകളും പൂട്ടിയ പശ്ചാത്തലത്തിലാണ് ഇവർ വ്യാജമദ്യം നിർമിച്ചത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടുന്നവരാണ് പ്രതികളെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിലപാടുകളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ആലപ്പുഴ സൗത്ത് പോലീസ് വ്യക്തമാക്കി.