ആലപ്പുഴ : പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ (Son arrested for killing father). ആലപ്പുഴ കാളാത്ത് സ്വദേശി നിഖിലിനെയാണ് (29) പിടികൂടിയത്. ഇയാളെ ബെംഗളൂരു മജിസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.
വിവാഹാവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് (Son killed father) പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ മകൻ നിഖില്‍ (Nikhil) ഒളിവിൽ പോയിരുന്നു. ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് (Chaitra Teresa John IPS) ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി എൻ ആർ ജയരാജിന്‍റെ (DYSP N R Jayaraj) നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി ബെംഗളൂരുവിൽ നിന്നും പിടിയിലായത്.
നിഖിൽ അടുത്ത ദിവസം ഡൽഹിയിലേക്ക് പോകുന്നതിനായി ബെംഗളൂരുവിൽ (Bengaluru) നിന്നും ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ (Alappuzha North Police Station) ഇൻസ്പെക്‌ടർ എം കെ രാജേഷ്, സിപിഒമാരായ അനിൽകുമാർ സി ജി, ഗിരീഷ് എസ്, റോബിൻസൺ എം എം, ദിലീപ് കെ എസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ ബെംഗളൂരുവിലെത്തി പിടികൂടിയത്. ബെംഗളൂരുവിൽ താമസിച്ച് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.