ആലപ്പുഴ: പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിച്ച വില്ലേജ് ഓഫീസില്‍ ഭൂരേഖകളും നികുതിയും ഉള്‍പ്പടെ മുഴുവന്‍ രേഖകളും പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാണ്. ഓണ്‍ലൈന്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. 40 ലക്ഷം രൂപ ചിലവിൽ തികച്ചും അത്യാധുനിക രീതിയിലാണ് വള്ളിക്കുന്നത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. വില്ലേജ് ഓഫീസുകള്‍ ആധുനികവൽകരിക്കുന്നതിന്‍റെ ഗുണം പൊതുജനങ്ങള്‍ക്കും നാടിനുമാണെന്ന് മന്ത്രി പറഞ്ഞു.
വള്ളിക്കുന്നത്തെ വില്ലേജ് ഓഫീസ് ഇനി 'സ്മാര്‍ട്ട്'
പൊതുജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ലക്ഷ്യമിടുന്നത്.
എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് ഓരോ സ്ഥലത്തേയും പോരായ്മകളും ആവശ്യങ്ങളും മനസ്സിലാക്കി അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചാണ് റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി ചേർന്ന യോഗങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് 146 സ്മാര്‍ട്ട് വില്ലേജുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. ജില്ലയിലെ പട്ടണക്കാട്, പാണാവള്ളി എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാകും. ആര്‍ രാജേഷ് എംഎല്‍എ, എം എസ് ഗോപകുമാര്‍, കലക്ടര്‍ ഡോ. അദീല അബ്ദുള്ള, മുന്‍ എംപി സി എസ് സുജാത, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ സുമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.