ആലപ്പുഴ: നിർമാണം പൂർത്തിയാക്കിയ ആറ് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലുമായി ആധുനിക രീതിയിൽ പുനർ നിർമിച്ച റോഡുകളാണ് മന്ത്രി ഗതാഗതത്തിനായി തുറന്നു നൽകിയത്. 6.4 കോടി രൂപ ചിലവഴിച്ചായിരുന്നു റോഡുകളുടെ നവീകരണം.
ആലപ്പുഴയില്‍ ആറ് റോഡുകൾ മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു - six roads inaugurated
ഏപ്രിൽ മാസത്തോടെ ആലപ്പുഴ ബൈപ്പാസിന്‍റെ നിർമാണവും പൂർത്തിയാക്കനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു
മാർച്ച് 31ന് മുമ്പ് മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ മാസത്തോടെ ആലപ്പുഴ ബൈപ്പാസിന്‍റെ നിർമാണവും പൂർത്തിയാക്കാനാകും. ഇതുമായി ബന്ധപ്പെട്ട് 24ന് കലക്ട്രേറ്റിൽ റിവ്യൂ മീറ്റിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഗ്രാമീണ, നഗരസഭ റോഡുകളടക്കം എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാനായത് പൊതുമരാമത്ത് വകുപ്പിന്‍റെയും സർക്കാരിന്‍റെയും നേട്ടമാണ്. സംസ്ഥാനത്താകമാനം ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
70 കോടി രൂപ ചെലവിൽ 52 റോഡുകളുടെ നിർമാണമാണ് ഇപ്പോൾ മണ്ഡലത്തിൽ പുരോഗമിക്കുന്നത്. സെൻട്രൽ റോഡ് ഫണ്ടിൽ (സിആർഎഫ്) 1400 കോടി രൂപ ഇതുവരെ ലഭിച്ചു. വാഹനങ്ങളുടെ നികുതി അടക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രത്തിന് നൽകുന്ന പണത്തിൽ നിന്നാണ് സിആർഎഫ് നൽകുന്നത്. 2020 - 21 വർഷത്തിൽ 700 കോടി രൂപ ഇത്തരത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിർമിക്കുന്ന 80 റോഡുകളുടെ വിവരവും കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.