ആലപ്പുഴ:അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാകുന്നു. ആലപ്പുഴ, ചെത്തി, ചേർത്തല ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട്, ചെല്ലാനം മേഖലകളിൽ ശക്തമായ തിരമാലകൾ കരയിലേയ്ക്ക് അടിച്ച് കയറുന്നതിനാൽ തീരപ്രദേശത്തെ നൂറ് കണക്കിന് വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. ഏത് സമയത്തും കടലെടുക്കാവുന്ന സ്ഥിതിയിലാണ് ഇവിടത്തെ വീടുകൾ.
ഏക്കർ കണക്കിന് കരയും നിരവധി തെങ്ങുകളും ഇതിനകം കടലെടുത്തു കഴിഞ്ഞു. ചില സ്ഥലങ്ങളിൽ മത്സ്യബന്ധന വള്ളങ്ങളും തകർന്നു. ചേർത്തല ഒറ്റമശേരിയിലെ കടൽഭിത്തിയില്ലാത്ത പ്രദേശത്താണ് ഏറ്റവുമധികം നാശം നേരിടുന്നത്. ഇവിടെ കൂറ്റൻ തിരമാലകൾ കരയിലേയ്ക്ക് ഇരച്ച് കയറി നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.