ആലപ്പുഴ: ക്രിക്കറ്റ് പ്രേമികൾക്ക് സച്ചിൻ ടെൻഡുല്‍ക്കർ എന്നും ആവേശമാണ്. കേരളത്തിന്‍റെ ഫുട്ബോൾ ആവേശമായി കേരള ബ്ലാസ്റ്റഴ്സ് ഉടമയായും സച്ചിൻ മലയാളികൾക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ ആലപ്പുഴ പുന്നമട കായലിൽ നെഹ്‌റു ട്രോഫി മത്സര വേദിയിലേക്ക് സൂപ്പർ താരത്തിന്‍റെ മാസ് എൻട്രി. ഇഷ്ടതാരത്തിന്‍റെ വരവും പ്രസംഗവും ഗാലറികളെ ഇളക്കി മറിച്ചു. മ്യഖ്യാതിഥിയായ സച്ചിൻ ടെണ്ടുൽക്കർ കൃത്യസമയത്ത് തന്നെ പുന്നമടയിൽ എത്തി. കഥകളി കലാവിരുന്ന് ഒരുക്കിയ വലിയ കെട്ടുവള്ളത്തിലായിരുന്നു സച്ചിന്‍റെ വരവ്.
സച്ചിന്‍റെ എത്തിയതോടെ പുന്നമടയിൽ ഇരുകരകളിലും തിങ്ങി നിറഞ്ഞുനിന്ന ജനക്കൂട്ടം ആവേശത്തിലായി. ആർപ്പ് വിളികളോടെ ക്രിക്കറ്റ് ദൈവത്തെ അവര്‍ സ്വീകരിച്ചു. മാസ് ഡ്രില്ലിന്‍റെ പതാക ഉയർത്തിയപ്പോൾ തുഴകൾ ഉയർത്തി തുഴച്ചിൽകാരും സച്ചിനെ അഭിവാദ്യം ചെയ്തു.