ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്‌ച വടയ്‌ക്കൽ ബീച്ചിൽ വച്ച് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 12-ാം ദിവസം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച നടന്നത്. തിങ്കളാഴ്‌ച(19.09.2022) രാവിലെ നടന്ന യോഗത്തിൽ വർധിച്ചുവരുന്ന ഇന്ധനവില, സബ്‌സിഡികൾ കുറയ്‌ക്കൽ, കുറയുന്ന മത്സ്യസമ്പത്ത്, പാരിസ്ഥിതിക നാശം, സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഭാവം, പരിമിതമായ വിദ്യാഭ്യാസ അവസരങ്ങൾ എന്നീ വിഷയങ്ങൾ രാഹുൽ ചർച്ച ചെയ്‌തു.
വർധിച്ചുവരുന്ന ഇന്ധനവിലയും സബ്‌സിഡികളും: മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രയുടെ 12-ാം ദിവസം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ചർച്ച. പുന്നപ്രയിൽ നിന്ന് ആരംഭിച്ച യാത്രയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ മുതിർന്ന കോൺഗ്രസ് നേതാക്കള്‍ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.
തിങ്കളാഴ്‌ച പുന്നപ്രയിൽ നിന്ന് ആരംഭിച്ച യാത്രയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. രാവിലെ ആരംഭിച്ച യാത്ര 16 കിലോമീറ്റർ താണ്ടി കലവൂരിൽ സമാപിച്ചു. ശേഷം വൈകിട്ട് 4.30 ഓടെ വീണ്ടും തുടരുന്ന പദയാത്ര ഒമ്പത് കിലോമീറ്റർ സഞ്ചരിച്ച് ചേർത്തലക്കടുത്ത് മായിത്തറയിൽ നിർത്തും.
തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് ജമ്മു കശ്‌മീർ വരെ നീളുന്ന പദയാത്ര 150 ദിവസം കൊണ്ട് 3,570 കിലോമീറ്ററാണ് പിന്നിടുന്നത്. സെപ്റ്റംബർ 10ന് വൈകിട്ട് കേരളത്തിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്ര 450 കിലോമീറ്റർ പിന്നിട്ട് 19 ദിവസങ്ങളിലായി ഏഴ് ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്‌ടോബർ ഒന്നിന് കർണാടകയിൽ പ്രവേശിക്കും.