ആലപ്പുഴ: ആലപ്പുഴയിൽ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍. ജില്ലയിൽ 5,820 കൊവിഡ് രോഗികൾ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് ഡിഎംഒ അറിയിച്ചു. വീട്ടിലുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയാന്‍ സൗകര്യമുള്ള മുറിയും പ്രത്യേകം ശുചിമുറിയും ഉള്ളവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയാമെന്നാണ് നിർദേശം. നിരീക്ഷണത്തിലുള്ളവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. രോഗി ഉപയോഗിക്കുന്ന വസ്‌തുക്കള്‍ മറ്റാരും കൈകാര്യം ചെയ്യരുത്.
എന്തെങ്കിലും സഹായം നല്‍കേണ്ട സാഹചര്യങ്ങളില്‍ രോഗിയും സഹായിയും ശരിയായി മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യുക. ദിവസവും മുറി വൃത്തിയാക്കണം. കൈകാര്യം ചെയ്യുന്ന വസ്‌തുക്കൾ സാനിറ്റൈസ് ചെയ്യണം. വസ്‌ത്രങ്ങള്‍ ശുചിമുറിയില്‍ തന്നെ സ്വയം കഴുകുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സ്വയം കഴുകി ഉപയോഗിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. വീട്ടിലെ അംഗങ്ങള്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരാണെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തിലാവാതെ ജാഗ്രത കാട്ടണം.