ആലപ്പുഴ: ബൈക്കപകടത്തിൽപ്പെട്ട് തോട്ടിലേക്ക് വീണ യുവാവിന് രക്ഷയായത് ആലപ്പുഴയിലെ പൊലീസുകാർ. ആലപ്പുഴ അവലൂക്കുന്ന് വടക്കേ അറ്റത്ത് വീട്ടിൽ യദുകൃഷ്ണനാണ് അപകടത്തിൽപ്പെട്ട് എ.എസ് കനാലിൽ വീണത്. തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണൻ്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്കപകടത്തിൽപ്പെട്ട് തോട്ടിലേക്ക് വീണ യുവാവിന് രക്ഷയായത് ആലപ്പുഴയിലെ എഎസ്‌ഐ സെബാസ്റ്റ്യനും സംഘവും ആലപ്പുഴ കൊമ്മാടിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രിയിൽ നഗരത്തിലെ കൊമ്മാടി പാലത്തിനുസമീപത്തുകൂടി പട്രോളിങിൻ്റെ ഭാഗമായി ജീപ്പിൽ സഞ്ചരിക്കുകയായിരുന്നു കൺട്രോൾ റൂമിലെ എഎസ്‌ഐ സെബാസ്റ്റ്യനും സംഘവും. കൊമ്മാടി കനാലിൻ്റെ ഒരു വശത്ത റോഡിലൂടെയായിരുന്നു യാത്ര. ഈ സമയമായാണ് മറുകരയിൽ ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു.
ബൈക്ക് യാത്രികൻ കനാലിയേക്ക് തെറിച്ചു വീഴുന്നത് എഎസ്ഐ സെബാസ്റ്റിൻ ജീപ്പിലിരുന്നു കണ്ടു. തുടർന്നാണ് ഷൂ അഴിച്ചിട്ട് യൂണിഫോമിൽ ഈ പൊലീസുകാരൻ വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. അപകടത്തിൽ പരിക്കേറ്റ മഹേഷിനെയും രവിയെയും പൊലീസ് ജീപ്പിൽ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കനാലിലേക്ക് എടുത്ത് ചാടി യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ പൊലീസുകാരനെ കൈയ്യടിയോടെയാണ് നാട്ടുകാർ ആദരിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എഎസ്ഐ സെബാസ്റ്റിനെ ഫോണിൽ വിളിച്ചു അഭിനന്ദനമറിയിച്ചു. സ്വന്തം ജീവൻ പോലും നോക്കാതെ സഹജീവിയായ യുവാവിൻ്റെ ജീവൻ രക്ഷിച്ച പൊലീസുകാരൻ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.