ആലപ്പുഴ: ജൂഡോയ്ക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് ആലപ്പുഴ ഡോഗ് സ്‌ക്വാഡിലെ പൊലീസ് സേനാംഗങ്ങൾ. ഗവർണറുടെ യാത്രാവഴിയിൽ സുരക്ഷയൊരുക്കാനെത്തിച്ചപ്പോഴാണ് നായ ചത്തത്. അമിതമായ ചൂടേറ്റതുമൂലം രക്തസമ്മർദമുയർന്നതും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിലവിൽ അഞ്ച് നായകളാണ് കെ9 എന്ന് പേര് നൽകിയിട്ടുള്ള ജില്ലാ ഡോഗ് സ്ക്വാഡിലുള്ളത്.
ശ്വാനനായകൻ ജൂഡോയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് പൊലീസ് സേന - പൊലീസ് സേന
ചൂടിന്‍റെ സമ്മര്‍ദം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണം
മൂന്ന് വയസ്സ് പ്രായമുള്ള ജൂഡോ വിഐപി ഡ്യൂട്ടികളാണ് പ്രധാനമായും ചെയ്തിരുന്നത്. ഡച്ച് രാജാവ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, തെന്നിന്ത്യൻ ചലച്ചിത്ര താരം അല്ലു അർജ്ജുൻ, രാഹുൽ ഗാന്ധി എംപി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ ജില്ലയിൽ എത്തിയപ്പോൾ സുരക്ഷാ പരിശോധന നടത്തിയത് ജൂഡോ ആയിരുന്നു. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച സ്‌ന്നിഫർ ചുമതലയുള്ള ജൂഡോ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ്. സിവിൽ പോലീസ് ഓഫീസർ ഷാൻ കുമാറായിരുന്നു തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് ജില്ലാ സേനയിലേക്ക് കൊണ്ടുവന്ന ജൂഡോയുടെ ചുമതല വഹിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി കെ.എം ടോമി പുഷ്പചക്രം അർപ്പിച്ചു. മറ്റ് ഉദ്യോഗസ്ഥരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.