ആലപ്പുഴ : പകർച്ചവ്യാധികളുടെ വ്യാപന സാധ്യതയേറെയുള്ള ജില്ലയെന്ന നിലയിൽ സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള. ആരോഗ്യ മേഖലയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും വേണ്ടി കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കലക്ടർ - ഡോ. അദീല അബ്ദുള്ള.
ആരോഗ്യ മേഖലയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും വേണ്ടി കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് കലക്ടറുടെ നിർദേശം
എച്ച് വൺ എൻ വൺ, എലിപ്പനി, ഡെങ്കിപ്പനി എന്നിവയിലേതെങ്കിലും കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ജില്ലാ ആരോഗ്യ വിഭാഗത്തിന് റിപ്പോർട്ട് കൈമാറണമെന്നും വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കലക്ടർ നിർദേശം നൽകി. ഈ വർഷം 54 ഡെങ്കിപ്പനി കേസുകളും, 55 എച്ച് വൺ എൻ വൺ കേസുകളും, 68 എലിപ്പനി കേസുകളും ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതിദിന പ്രതിരോധ പ്രവർത്തനങ്ങളും വ്യക്തിശുചിത്വവും ശരിയായ മാലിന്യ സംസ്‌കരണവും എല്ലാവരും ശ്രദ്ധിക്കണമെന്ന് യോഗം വിലയിരുത്തി. കൊതുക് നിവാരണം, ഉറവിട നശീകരണം എന്നിവയിൽ കൂടുതൽ ബോധവൽക്കരണം നടത്തും. കൈ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ പൊത്തി പിടിക്കുക തുടങ്ങിയ സന്ദേശങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള ബോധവൽക്കരണ പരിപാടികളും നടത്തും. എച്ച് വൺ എൻ വൺ ബാധയ്ക്കുള്ള ഗുളികയുടെ ലഭ്യത എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് യോഗത്തിൽ ഡിഎംഒ പറഞ്ഞു.