ആലപ്പുഴ : ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിവരെ ജില്ലയില്‍ 100 ക്യാമ്പുകള്‍ തുറന്നു. 2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, ജില്ല കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്‌തുക്കളും ഉറപ്പാക്കണമെന്ന് കലക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.