ആലപ്പുഴ:കായംകുളത്തെ പാർട്ടിക്കാർ കാലുവരികളാണെന്നും തന്നെ പിന്നിൽ നിന്ന് കുത്തിയവരാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ജി സുധാകരൻ. 2001ൽ താൻ കായംകുളത്ത് മത്സരിച്ചപ്പോൾ തന്നെ കാലുവാരി ചിലർ തോൽപ്പിച്ചു. അതുകൊണ്ട് തന്നെയാണ് മത്സരിക്കാൻ താൻ കായംകുളത്തേക്കില്ലെന്ന നിലപാട് സ്വീകരിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.
കായംകുളത്തെ പാർട്ടിക്കാർ കാലുവാരികളെന്ന് മന്ത്രി ജി സുധാകരൻ
മത്സരിക്കാൻ താൻ കായംകുളത്തേക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി
നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന സൂചനയും മന്ത്രി നൽകി. വിഎസ്-പിണറായി തർക്കം രൂക്ഷമായിരുന്ന കാലത്താണ് കായംകുളത്ത് ജി.സുധകരൻ മത്സരിക്കാനായി എത്തുന്നത്. കോൺഗ്രസിൽ നിന്ന് എം.എം ഹസനും മത്സരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയോടെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണയോടെയും കായംകുളത്ത് കോൺഗ്രസ് വിജയിച്ചു.
2001ൽ അമ്പലപ്പുഴയിൽ മത്സരിച്ച് തോറ്റ വിഎസ് പക്ഷത്തിലെ സി കെ സദാശിവൻ 2006ൽ കായംകുളത്ത് മത്സരിക്കുകയും സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുകയും ചെയ്തു. പാർട്ടിക്കുള്ളിലെ വിഭാഗീയത ഇന്നും സിപിഎമ്മിനുള്ളിൽ പുകയുന്നു. കായംകുളം മുട്ടേൽ പാലം ഉദ്ഘാടന പോസ്റ്റർ വിവാദത്തിൽ പാർട്ടിക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. വിവരം ഇല്ലാത്തവരാണ് പോസ്റ്റർ തയ്യാറാക്കിയത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പോസ്റ്ററിൽ നിന്നും സ്ഥലം എംഎൽഎ യു പ്രതിഭയെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പുതിയ പരാമർശം.