ആലപ്പുഴ: എല്‍ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളത്തിൽ ലോഡ്ഷെഡിങ് ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. 33 കെവി കളർകോട് സബ്സ്റ്റേഷന്‍റെയും പുന്നപ്ര കളർകോട് ലൈനിന്‍റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അധികാരത്തിൽ വന്ന ആദ്യ വർഷം തന്നെ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കി. അമ്പലപ്പുഴ കെഎസ്ഇബി ഓഫീസ് കെട്ടിടം നിർമ്മിക്കാൻ 67 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും വൈദ്യുതിബില്‍ ഓൺലൈൻ സംവിധാനം വഴി ഏർപ്പെടുത്തുന്നത് വ്യാപകമാക്കാനും കഴിഞ്ഞു. വൈദ്യുതി വിതരണ പ്രസരണത്തിലെ നഷ്‌ടം കുറയ്ക്കുക വഴി 110 കോടി രൂപ ലാഭമുണ്ടാക്കാനും സാധിച്ചു. 44 മാസത്തില്‍ 45 പുതിയ സബ്സ്റ്റേഷനുകൾ സ്ഥാപിച്ചത് ഒരു റെക്കോഡായി കണക്കാക്കാമെന്നും മന്ത്രി പറഞ്ഞു. 4,000 കോടി രൂപയുടെ വിതരണശൃംഖല നവീകരണ പദ്ധതി നടപ്പിലാക്കി വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ലോഡ്ഷെഡിങ് ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മന്ത്രി ജി.സുധാകരൻ - 33 കെവി കളർകോട് സബ്സ്റ്റേഷന്‍
4,000 കോടി രൂപയുടെ വിതരണശൃംഖല നവീകരണ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍
5.8 കോടി രൂപയാണ് കളർകോട് സബ്സ്റ്റേഷൻ അനുബന്ധ നിർമാണങ്ങള്‍ക്കുള്ള ചെലവ്. സബ്സ്റ്റേഷൻ നിലവിൽ വരുന്നതോടെ പുന്നപ്ര വാടക്കൽ വ്യവസായ വികസന പ്ലോട്ടിലേക്ക് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ എത്തിക്കാനാകും. പറവൂർ, പുന്നപ്ര പ്രദേശങ്ങളിലും സബ്സ്റ്റേഷൻ ചുറ്റുമുള്ള സ്ഥലങ്ങളിലും ഏറിവരുന്ന ഊർജാവശ്യങ്ങൾക്ക് പരിഹാരമാകും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെയും പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന കുതിരപ്പന്തി, വാടയ്ക്കൽ, കളര്‍കോട്, പറവൂർ, പുന്നപ്ര എന്നീ പ്രദേശങ്ങളിലെയും അമ്പതിനായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് സബ്സ്റ്റേഷന്‍റെ പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.എ.എം. ആരിഫ് എംപിയും പങ്കെടുത്തു.