ആലപ്പുഴ:കേരളത്തിൽ നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവർത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ് സർക്കാർ നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ജനങ്ങൾ എൽ.ഡി.എഫിനെ അഞ്ചിടത്തും പിന്തുണയ്ക്കും.
അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവർത്തിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
വരാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് ജയിക്കുമെന്നും എസ്.എന്‍.ഡി.പി എല്ലായ്‌പ്പോഴും ഇടതുപക്ഷത്തിന് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
രാഷ്ട്രീയ പ്രബുദ്ധത ഉള്ളവരാണ് അരൂരിലെ ജനങ്ങളെന്നും സമുദായം നോക്കിയല്ല, നാടിന് ആര് നന്മ ചെയ്യുന്നു എന്ന് നോക്കിയാണ് അരൂരുകാർ വോട്ട് ചെയ്യുകയെന്നും കോടിയേരി പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ടത് എസ്.എന്‍.ഡി.പി നേതൃത്വമാണ്. എസ്.എൻ.ഡി.പി എല്ലായ്‌പ്പോഴും ഇടതുപക്ഷത്തിന് അനുകൂലമായാണ് നിലകൊണ്ടിട്ടുള്ളതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
ആർ.എസ്.എസുമായുള്ള ബി.ഡി.ജെ.എസിൻ്റെ ബന്ധം ധൃതരാഷ്ട്രാലിംഗനമാണ്. എൻ.ഡി.എയിൽ തുടരണമോയെന്ന കാര്യത്തിൽ ബി.ഡി.ജെ.എസ് ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു. പി.വി.അൻവർ എംഎൽഎയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് കക്കാടംപൊയിലില്‍ സന്ദര്‍ശനം നടത്തിയ സാംസ്‌കാരിക പ്രവർത്തകരെ മർദിച്ച നടപടി അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി.